മരണവീടുകൾക്ക് ഒരു പ്രത്യേക നിശ്ശബ്ദതയുണ്ട്.
അകത്തേക്ക് കയറുന്ന നിമിഷം തന്നെ ആ നിശ്ശബ്ദത ഓരോരുത്തരുടെയും നെഞ്ചിലേക്ക് ഇറങ്ങിച്ചെല്ലും. കരച്ചിലുകൾക്കിടയിലും മന്ത്രോച്ചാരണങ്ങൾക്കിടയിലും ആളുകളുടെ അടക്കിപ്പിടിച്ച സംസാരംക്കിടയിലും അവിടെ പറയാതെ ബാക്കി നിൽക്കുന്ന എന്തോ ഒന്നുണ്ട്.
ആ നിശ്ശബ്ദതയിലേക്കാണ് രാമചന്ദ്രൻ നടന്നുകയറിയത്.
രാമചന്ദ്രൻ, എൺപതിരണ്ട് വയസുള്ള ശരീരം. പക്ഷേ നടപ്പിന് ഇന്നും പഴയ താളമുണ്ട്. വെളുത്ത മുടി, മീശ, ഒരു തോൾ സഞ്ചി.
മുറ്റത്ത് നിൽക്കുന്നവരെ കണ്ടപ്പോൾ തന്നെ എല്ലാവരോടും ചിരിച്ചുകൊണ്ട് കൈകൊടുത്തു. സാമൂഹിക പ്രവർത്തകനാണ് ആരെയും മാറ്റി നിർത്താൻ പറ്റില്ല!
"എന്താ... സുഖമാണല്ലോ?"
"എടോ, നിന്നെയൊക്കെ കണ്ടിട്ട് എത്ര നാളായി!"
"രാജപ്പന്റെ സഹോദരൻ്റെ മകൻ തന്നെയല്ലേ... നീ ഇപ്പൊ കാനഡയിൽ ആണെന്ന് അറിഞ്ഞിരുന്നു."
ഇത്ര വലിയ ദുഃഖത്തിനിടയിലും രാമചന്ദ്രൻ എത്ര ധൈര്യത്തോടെയാണ് നിൽക്കുന്നത്, പലരുടെയും മനസ്സിൽ സഹതാപം ഇറങ്ങി ചെന്നു.
പ്രായമായാൽ കണ്ണീരും വറ്റിപ്പോകുമോ, ഇവരുടെ സൗഹൃദം അറിയാവുന്നവർ എല്ലാം രാമചന്ദ്രനെ ശ്രദ്ധിച്ച് കൊണ്ട് ഇരുന്നു.
പക്ഷേ, ആരും അറിഞ്ഞില്ല...
ഓരോ ചിരിയും നെഞ്ചിനുള്ളിലെ പൊട്ടലുകൾ മറയ്ക്കാനുള്ള ശ്രമമായിരുന്നെന്ന്.
രാമചന്ദ്രനും രാജപ്പനും.
രണ്ട് പേരും ജനിച്ചത് ഏകദേശം ഒരേ കാലത്ത്. ഒരേ നാട്ടിൽ. ഒരേ മണ്ണിൽ.
സ്കൂൾ വിട്ട് തൃശൂർ പൂരത്തിന് ഓടിയെത്തിയ കുട്ടികൾ.
മഴപെയ്താൽ ഒരേ കുടക്കീഴിൽ വീട്ടിലെത്തിയവർ.
ഒരു രൂപ പോക്കറ്റിലുണ്ടെങ്കിൽ രണ്ടുപേരും കൂടി ചായ കുടിക്കാൻ പോകും. എല്ലാ ഇടതും ഒപ്പം കൈ പിടിച്ച് നിന്നവർ.
കൂട്ടുകാർ എന്ന വാക്കിനും അപ്പുറത്തായിരുന്നു അവരുടെ ബന്ധം.
ഒരു വീട്ടിൽ എന്തെങ്കിലും ഉണ്ടാക്കിയാൽ മറ്റേ വീട്ടിലേക്കും എത്തും.
രണ്ട് അമ്മമാർക്കും അവർ സ്വന്തം മക്കളായിരുന്നു.
കാലം മുന്നോട്ട് നടന്നു.
രണ്ടുപേരും രാഷ്ട്രീയത്തിലിറങ്ങി.
തൃശൂരിന്റെ തെരുവുകളിൽ പോസ്റ്റർ ഒട്ടിച്ചു നടന്ന രാത്രികൾ.
പ്രസംഗങ്ങൾ.
സമരങ്ങൾ.
ജയപരാജയങ്ങൾ.
പദവികൾ വലുത് പലതും നേടിയെടുത്തു, പദവിക്ക് ഒപ്പം അവരുടെ സൗഹൃദവും വളർന്നു.
ഒരു മരുന്ന് കഴിക്കണമെങ്കിൽ പോലും രാജപ്പൻ ആദ്യം വിളിക്കുന്നത് രാമചന്ദ്രനെയായിരുന്നു.
"ഡോക്ടർ ഈ ഗുളിക എഴുതിയിട്ടുണ്ട്... നീ എന്താ പറയുന്നത്?"
"കഴിക്കെടാ... പക്ഷേ ഭക്ഷണം കഴിഞ്ഞിട്ട്."
"എടോ എന്താ ഈ MRI ഇവർ ഇതൊക്കെ എടുക്കാൻ പറയുന്നു. കാശ് പിടിക്കാൻ ഉള്ള എന്തോ പരിപാടിയ''
" പിന്നെ നിൻ്റെ കാശ് കിട്ടിയിട്ട് വേണ്ടേ അവർക്ക് ആശുപത്രി ഓടിക്കാൻ. MRI എടുത്താൽ ഡോക്ടർക്ക് കാര്യങ്ങൾ മനസിലാവും നീ സമയം കളയാതെ ടെസ്റ്റ് ഒക്കെ ചെയ്യ"
ആ സംഭാഷണം കേട്ടാൽ വീട്ടുകാർ ചിരിക്കും.
"ഡോക്ടർ എഴുതിയ മരുന്നിനേക്കാൾ വിശ്വാസം രാമചന്ദ്രനിലാണല്ലോ!"
രാജപ്പനും ചിരിക്കും.
"അതെ... ഇവൻ പറഞ്ഞാൽ മതി."
തൃശൂർ പൂരം വന്നാൽ രണ്ടുപേരും വീണ്ടും ചെറുപ്പമാകും.
വയസ്സ് എഴുപതും കടന്നിട്ടും ആനകളുടെ പിന്നാലെ നടക്കും.
മേളത്തിന്റെ ആദ്യ കൊട്ട് കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ ഇന്നും തിളങ്ങും.
"ഇതാണ് ജീവിതം..."
രാജപ്പൻ പറയും.
രാമചന്ദ്രൻ തലകുലുക്കും.
വാക്കുകൾ വേണ്ട.
ഒരാൾ പറയാതെ മറ്റേയാൾക്ക് മനസ്സിലാകുന്ന ചില സന്തോഷങ്ങളുണ്ട്.
വർഷങ്ങൾ വീണ്ടും കടന്നുപോയി.
ശരീരം ക്ഷീണിച്ചു.
ആശുപത്രികൾ ജീവിതത്തിന്റെ ഭാഗമായി.
എങ്കിലും ഒരു ദിവസം പോലും സംസാരിക്കാതെ അവർ ഇരുന്നിട്ടില്ല.
ആശുപത്രി കിടക്കയിൽ കിടക്കുന്ന രാജപ്പന്റെ അടുത്തേക്ക് രാമചന്ദ്രൻ ദിവസവും എത്തും.
"എങ്ങനെയുണ്ട്?"
"ജീവിച്ചിരിപ്പുണ്ട്..."
"അടുത്ത പൂരം കൂടി കാണണമെങ്കിൽ എഴുന്നേൽക്കട്ടോ ഇവിടുന്ന്"
രാജപ്പൻ ചിരിക്കും.
ആ ചിരിയിൽ പ്രതീക്ഷയേക്കാൾ സൗഹൃദമായിരുന്നു.
പക്ഷേ...
ഈ തവണ ആശുപത്രിയിൽ നിന്ന് രാജപ്പൻ തിരിച്ചുവന്നില്ല.
വീട്ടിനുള്ളിൽ വെളുത്ത തുണിയിൽ കിടക്കുന്ന സുഹൃത്തിനെ നോക്കാൻ രാമചന്ദ്രന് ധൈര്യം വന്നില്ല.
ആദ്യം എല്ലാവരോടും സംസാരിച്ചു.
കൊച്ചുമക്കളെ തലോടി.
പഴയ കഥകൾ പറഞ്ഞു.
ഉറക്കെ ചിരിച്ചു.
ഒരിക്കൽ തമാശ പറഞ്ഞപ്പോൾ ചുറ്റുമുള്ളവരും ചിരിച്ചു.
ആ ചിരിയുടെ ശബ്ദം വീട്ടിലാകെ മുഴങ്ങി.
പക്ഷേ, ആ ശബ്ദം കഴിഞ്ഞപ്പോൾ വീണ്ടും ആ നിശ്ശബ്ദത മാത്രം ബാക്കി.
അത് രാമചന്ദ്രനെ പതിയെ വളഞ്ഞു.
ഒടുവിൽ അദ്ദേഹം രാജപ്പന്റെ അടുത്തേക്ക് നടന്നു.
വെളുത്ത തുണിക്കുള്ളിൽ അനങ്ങാതെ കിടക്കുന്ന മുഖം.
എത്രയോ തവണ കണ്ട മുഖം.
എന്നാൽ ഇങ്ങനെ...
ഒരിക്കലും ഇല്ല.
"എടാ..."
അദ്ദേഹത്തിന്റെ ചുണ്ടുകൾ മാത്രം അനങ്ങി.
ശബ്ദം പുറത്തുവന്നില്ല.
എഴുപത് വർഷത്തിലേറെ നീണ്ട സൗഹൃദത്തിൽ ആദ്യമായാണ് രാജപ്പൻ മറുപടി പറയാതിരുന്നത്.
മൃതദേഹം പുറത്തേക്കെടുക്കാൻ സമയമായി.
ആൾക്കൂട്ടം കൂടിക്കൊണ്ടിരുന്നു.
"പിടിക്കൂ..."
ആരോ പറഞ്ഞു.
രാമചന്ദ്രനും മുന്നോട്ടുവന്നു.
പക്ഷേ കൈകൾ വിറച്ചു.
ഇതാണ് അവസാന സ്പർശം.
ഇനി ഒരു ഫോൺ കോൾ ഉണ്ടാകില്ല.
"എവിടെയാ?"
"ഭക്ഷണം കഴിച്ചോ?"
"മരുന്ന് കഴിച്ചോ?"
ആ ശബ്ദം ഇനി ഒരിക്കലും കേൾക്കില്ല.
അത് മനസ്സിലാക്കിയ നിമിഷം അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകൾ എല്ലാം മങ്ങി പോയപോലെ.
ഒരു മനുഷ്യൻ മരിച്ചാൽ ആ ജീവിതം അവസാനിക്കും.
പക്ഷേ...
ഒരു ഉറ്റസുഹൃത്ത് മരിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ ഒരു പകുതി അവസാനിക്കുന്നത്.
നമ്മളെ വിശദീകരിക്കാതെ മനസ്സിലാക്കിയിരുന്ന ഒരാൾ.
നമ്മുടെ വിജയങ്ങളും തോൽവികളും ഒരുപോലെ ഓർമ്മിച്ചിരുന്ന ഒരാൾ.
നമ്മൾ പറയാതെ ബാക്കി വെച്ച വാക്കുകൾ പോലും കേൾക്കാൻ കഴിയുന്ന ഒരാൾ.
അങ്ങനെയൊരാൾ പോയാൽ...
ലോകം നിറയെ മനുഷ്യരുണ്ടായിട്ടും നമ്മൾ ഒറ്റയ്ക്കാകുന്നു.
അപ്പോഴാണ് രാമചന്ദ്രന്റെ ഫോൺ ശബ്ദിച്ചത്.
സ്ക്രീനിലേക്ക് നോക്കി.
പരിചയമില്ലാത്ത നമ്പർ.
വിളി എടുത്തു.
"സാർ... തിരക്കിലാണോ? ഒരു സഹായം വേണമായിരുന്നു..."
രാമചന്ദ്രൻ ശാന്തമായി പറഞ്ഞു.
"ഞാൻ ഒരു മരണവീട്ടിലാണ്... പറഞ്ഞോളൂ."
"സാർ, എവിടെയാണെന്ന് പറഞ്ഞാൽ മതി. ഞാൻ പിന്നീട് വിളിക്കാം."
അൽപനേരം അദ്ദേഹം ഒന്നും മിണ്ടിയില്ല.
കണ്ണുകൾ രാജപ്പന്റെ മൃതദേഹത്തിൽ തന്നെ.
പിന്നെ പതുക്കെ...
വളരെ പതുക്കെ...
ജീവിതം മുഴുവൻ ഉള്ളിലൊതുക്കിയ ശബ്ദത്തിൽ പറഞ്ഞു—
"വേണ്ട..."
"പറഞ്ഞോളൂ..."
ഒരു നിമിഷം നിശ്ശബ്ദമായി.
ശേഷം...
തൊണ്ടയിലുടഞ്ഞ വാക്കുകൾ പുറത്തുവന്നു.
"എന്റെ... എന്റെ കൂട്ടുകാരൻ മരിച്ചു..."
ആ വാക്കുകൾ പറഞ്ഞ നിമിഷമാണ് രാമചന്ദ്രൻ ആദ്യമായി മനസ്സിലാക്കിയത്
രാജപ്പൻ മാത്രമല്ല മരിച്ചത്.
തന്നെ ഏറ്റവും നന്നായി അറിയുന്ന ഒരാളും ഇന്നാണ് ഈ ലോകത്തുനിന്ന് യാത്രയായത്.
ഇനി...
ബാക്കിയുള്ള ജീവിതം മുഴുവൻ,
സ്വന്തം ഓർമ്മകളോട് സംസാരിച്ചുകൊണ്ട് ജീവിക്കേണ്ട ഒരാളായി
താൻ മാറിക്കഴിഞ്ഞിരിക്കുന്നു.

Comments
Post a Comment